Opinion

മോദിയും യോഗിയും തലകുനിക്കും; അന്തിമ വിജയം തൊഴിലാളികൾക്കായിരിക്കും

മോദിയും യോഗിയും തലകുനിക്കും; അന്തിമ വിജയം തൊഴിലാളികൾക്കായിരിക്കും

‘ഞങ്ങളും കുട്ടികളും ജീവിക്കാൻ വല്ലാതെ പാടുപെടുമ്പോൾ മുതലാളിമാരെല്ലാം അതിസമ്പന്നരായി ജീവിക്കുന്നു. അവർക്ക് ഒരു പ്രശ്‌നവും ബാധകമല്ല, അവർ വന്നിറങ്ങുന്ന കാറുകൾ നിങ്ങൾ കാണണം, അവർ ചിലവാക്കുന്ന പണത്തിന് എന്തെങ്കിലും കണക്കുണ്ടോ? ഞങ്ങൾ ചോദിക്കുന്നത് ജീവിക്കാനുള്ള നിസാരമായ മിനിമം കൂലി മാത്രമാണ്. ഇന്നത്തെക്കാലത്ത് മാസം 10000 രൂപ കൊണ്ട് എങ്ങനെ ജീവിക്കും,’ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലെ വ്യവസായ മേഖലയായ നോയിഡയിൽ പ്രക്ഷോഭത്തിൽ പങ്കാളിയായ തൊഴിലാളി ഇത് പറയുമ്പോൾ വിതുമ്പുകയായിരുന്നു.

ഇഎസ്‌ഐ ഇല്ല, പി.എഫ് ഇല്ല, മിനിമം കൂലി ഇല്ല, ആഴ്ചയിൽ ഒരു അവധി പോലുമില്ല, രാവിലെ എട്ടുമണിക്ക് ജോലി തുടങ്ങിയാൽ രാത്രി 8 വരെ ഒരിടവേളയുമില്ലാതെ കടുത്ത ജോലിതന്നെ. ഇതിനിടയിൽ ആകെ അനുവദിക്കുന്നത് ഉച്ചഭക്ഷണത്തിനുള്ള 15 മിനിറ്റ് മാത്രം. ഒന്ന് ടോയ്ലെറ്റിൽ പോകാൻ പോലും 12 മണിക്കൂറിനിടയിൽ രണ്ട് തവണ മാത്രം അനുമതി. ഒരു മാസത്തെ ശമ്പളം 12,000 രൂപ ! ഓവർടൈമിലും അതേ കൂലി. അതിൽ നിന്ന് ഭക്ഷണത്തിനും താമസത്തിനും ആയി 6000 രൂപ വീതം തിരികെ പിടിക്കും. ഫലത്തിൽ ഒരാൾക്ക് ഒരു മാസം കിട്ടുന്നത് 6000 മുതൽ 8000 രൂപ മാത്രം. നോയിഡ, ഗ്രേറ്റർ നോയിഡ, ഗുരുഗ്രാം, ഗൗതമ ബുദ്ധ നഗർ എന്നീ വ്യവസായ മേഖലകളിലെ തൊഴിലാളികളുടെ അവസ്ഥയാണിത്. ഗത്യന്തരമില്ലാതെ വന്നപ്പോൾ പണിശാലകൾ വിട്ട് തൊഴിലാളികൾ തെരുവിലേക്കെത്തി. നോയിഡയുടെ തെരുവുകൾ ആളിക്കത്തി.

നോയിഡയിലെ തൊഴിലാളി സമരം വെറും ‘വേതന വർധന’ ആവശ്യപ്പെട്ട ഒരു സാധാരണ പ്രതിഷേധമല്ല. നോയിഡയിലെ തൊഴിലാളി സമരം വെറും ഒരു ലോക്കൽ ‘ലോ ആൻഡ് ഓർഡർ പ്രശ്‌ന’വും അല്ല. ഇന്ത്യൻ ഭരണകൂടവും കോർപറേറ്റ് മൂലധനവും ചേർന്ന് തൊഴിലാളി വർഗത്തിനുമേൽ വർഷങ്ങളായി കെട്ടിപ്പടുക്കിയിരിക്കുന്ന ക്രൂരമായ ചൂഷണത്തിനെതിരായ ഒരു തുറന്ന വർഗ്ഗസമര പ്രഖ്യാപനമാണ്. ഇത് ഇന്നത്തെ ഇന്ത്യയിലെ തൊഴിൽ രാഷ്ട്രീയത്തിന്റെ യഥാർത്ഥ മുഖം തുറന്നു കാട്ടുന്ന ഒരു ചരിത്ര നിമിഷമാണ്.

ഫാക്ടറികളുടെ മതിലുകൾ കോൺക്രീറ്റുകൊണ്ടും ഇരുമ്പുകൊണ്ടും മാത്രം നിലനിൽക്കുന്നില്ല. അവ നിലകൊള്ളുന്നത് തൊഴിലാളിയുടെ അസ്ഥിയിലും മാംസത്തിലും വിയർപ്പിലും കവർന്നെടുത്ത ജീവിതസമയത്തിലുമാണ്. എന്നാൽ സമ്പത്ത് നിർമിക്കുന്ന ആ കൈകൾക്ക് തിരികെ ലഭിക്കുന്നത് പട്ടിണിയും, അപമാനവും, അമിത ജോലിഭാരവും, അവകാശനിഷേധവും പൊലീസിന്റെ ലാത്തിയുമാണ്. മുകളിൽ ലാഭം, താഴെ ചൂഷണം. മുകളിൽ സമ്പത്ത്, താഴെ തൊഴിലാളിയുടെ ക്ഷീണിത ശരീരം !

നോയിഡയിലെ തൊഴിലാളികൾ മാസം 14,000 രൂപയിൽ താഴെ മാത്രം ശമ്പളം. പകരം അവൻ കൊടുക്കേണ്ടത് എന്ത്? 10 മണിക്കൂർ, 12 മണിക്കൂർ, ചിലപ്പോൾ അതിലും കൂടുതൽ. ഇതാണ് കോർപറേറ്റ് ഇന്ത്യയുടെ ‘വികസന മാതൃക’. ജീവിക്കാൻ മതിയാകാത്ത കൂലി വാങ്ങി, ഓവർടൈം പണിയെടുത്ത്, അവകാശങ്ങളില്ലാതെ, യൂണിയൻ പ്രവർത്തനമില്ലാതെ, കരാർ തൊഴിലിലൂടെ അവകാശങ്ങളെ നിഷേധിച്ചു, പൊലീസിന്റെ ഭീഷണിയിലും, തൊഴിൽ വകുപ്പിന്റെ നിസ്സംഗമായ ഇടപെടലിലും പെട്ടുപോയ ജീവിതം ഇനി സഹിക്കില്ലെന്ന് അവർ ഉറക്കെ പ്രഖ്യാപിക്കുന്നു, പൊരുതുന്നു…

യോഗിയുടെ മറുപടി എന്തായിരുന്നു? ചർച്ചയോ ഒത്തുതീർപ്പോ ഇല്ല. പതിവുപോലെ ആദ്യം വന്നത് പൊലീസ്, ലാത്തിച്ചാർജ്, ടിയർ ഗ്യാസ്, അറസ്റ്റുകൾ. വൻകിടക്കാർക്കെതിരെ ഉയരുന്ന എല്ലാ ശബ്ദങ്ങളെയും അത് ‘ക്രമസമാധാന പ്രശ്‌നം’, ‘ഗൂഢാലോചന’, ‘പാകിസ്ഥാൻ ഇടപെടൽ’ എന്നിങ്ങനെ മുദ്രകുത്തും. ഇത് ഓരോ തവണയും ആവർത്തിക്കുന്ന ബിജെപിയുടെ തന്ത്രമാണ്. തൊഴിലാളി അവകാശം ചോദിച്ചാൽ, കർഷകൻ സമരം ചെയ്താൽ രാജ്യദ്രോഹിയാക്കും. വിദ്യാർത്ഥി ചോദ്യം ചോദിച്ചാൽ തീവ്രവാദിയാക്കും. മോദിയും യോഗിയും പറയുന്ന വർഗീയതയും ദേശസ്‌നേഹവും ജനങ്ങളെ ഭിന്നിപ്പിക്കുകയും അതുവഴി കോർപ്പറേറ്റ് ചൂഷണത്തിന് തടസ്സങ്ങൾ ഇല്ലാതാക്കാനുമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. പണിയെടുക്കുന്നവരുടെ ആവശ്യങ്ങൾ എല്ലാ കാലവും വർഗീയത കൊണ്ട് തടഞ്ഞു നിർത്താൻ കഴിയില്ല. കർഷക സമരത്തിന് മുമ്പിൽ മുട്ടുമടക്കിയ മോദിയും യോഗിയും ഇവിടെയും കീഴടങ്ങും. കാരണം ഇത് തൊഴിലാളി വർഗ്ഗമാണ്. ഈ രാജ്യത്തിന്റെ സമ്പത്ത് ഉത്പാദിപ്പിക്കുന്നത് അവരാണ്. അവർ പണിശാലകൾ വിട്ടിറങ്ങി തെരുവിൽ നിന്നാൽ അവരുടെ അധ്വാനത്തിന് പകരം വെക്കാൻ നിങ്ങൾക്കോ നിങ്ങളുടെ ശിങ്കിടികൾക്കോ ആവില്ല. അന്തിമ വിജയം തൊഴിലാളികൾക്കായിരിക്കും.

Top